---
title: "ചമ്പാട് മാമ്പഴ വിപണിയിൽ താരമായി ആന്ധ്രയുടെ ‘വിദേശി’ ; ആവശ്യക്കാരേറെ, വിപണിക്ക് പുത്തനുണർവ്"
english_title: "Andhra's 'Videshi' becomes a star in the Champad mango market; High demand, new impetus for the market"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367291/Andhra's 'Videshi' becomes a star in the Champad mango market; High demand, new impetus for the market"
published_at: "2026-06-21T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a376fb6a8de3_1001289529.jpg"
keywords: []
---

# ചമ്പാട് മാമ്പഴ വിപണിയിൽ താരമായി ആന്ധ്രയുടെ ‘വിദേശി’ ; ആവശ്യക്കാരേറെ, വിപണിക്ക് പുത്തനുണർവ്

> **Lead Summary:** വിദേശ വിപണിയിലേക്ക് കയറ്റി അയക്കാനിരുന്ന ആന്ധ്രാപ്രദേശിലെ പ്രീമിയം മാമ്പഴങ്ങൾ ഇപ്പോൾ ചമ്പാട്ടെ പഴവർഗ വിപണിയിലെ പുതിയ ആകർഷണമായി മാറിയിരിക്കുകയാണ്.

## Article Content

വിദേശ വിപണിയിലേക്ക് കയറ്റി അയക്കാനിരുന്ന ആന്ധ്രാപ്രദേശിലെ പ്രീമിയം മാമ്പഴങ്ങൾ ഇപ്പോൾ ചമ്പാട്ടെ പഴവർഗ വിപണിയിലെ പുതിയ ആകർഷണമായി മാറിയിരിക്കുകയാണ്.

കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വന്നതോടെയാണ് പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് വിദേശത്തേക്ക് അയക്കാൻ തയ്യാറാക്കിയ മാമ്പഴങ്ങൾ നാട്ടിലെ വിപണിയിലെത്തിയത്.

ചമ്പാട് കുറിച്ചിക്കരയിലെ പഴവർഗ മൊത്തവിതരണ വ്യാപാരിയായ സജീവനാണ് ആന്ധ്രയിൽ നിന്ന് ഒരു ടണ്ണോളം മാമ്പഴം എത്തിച്ച് വിപണനം നടത്തുന്നത്. വിദേശ കയറ്റുമതിക്കായി പ്രത്യേകം തെരഞ്ഞെടുത്ത ഈ മാമ്പഴങ്ങൾ ഓരോന്നും പേപ്പർ ബാഗുകളിൽ സംരക്ഷിതമായി പായ്ക്ക് ചെയ്ത നിലയിലാണ് എത്തിയത്. അതുകൊണ്ടുതന്നെ കാഴ്ചയിൽ തന്നെ വ്യത്യസ്തതയും ഗുണമേന്മയും പ്രകടമാണ്.

വലിപ്പത്തിലും ഈ മാമ്പഴങ്ങൾ ശ്രദ്ധേയമാണ്. രണ്ട് മാമ്പഴങ്ങൾ ചേർന്നാൽ തന്നെ ഏകദേശം ഒരു കിലോഗ്രാം തൂക്കം വരും. വിദേശ വിപണിയിലേക്കുള്ള കയറ്റുമതിക്കായി തയ്യാറാക്കിയതിനാൽ രാസമിശ്രിതങ്ങളോ മറ്റ് ക്രമക്കേടുകളോ ഇല്ലാതെ മികച്ച നിലവാരം ഉറപ്പാക്കിയ പഴമാണിതെന്നാണ് വ്യാപാരികൾ പറയുന്നത്.

പ്രത്യേക പായ്ക്കിങ്ങും ഗുണമേന്മയും ഉണ്ടായിട്ടും വിലയിൽ വലിയ വർധനയില്ല. കിലോഗ്രാമിന് 80 രൂപ മാത്രമാണ് വില. അതിനാൽ തന്നെ സാധാരണ ഉപഭോക്താക്കളും വലിയ താത്പര്യത്തോടെയാണ് ഈ ‘വിദേശി’ മാമ്പഴം വാങ്ങുന്നത്.

രുചിയും ഗുണമേന്മയും വലിപ്പവും കൊണ്ട് മാമ്പഴ വിപണിയിൽ ഇപ്പോൾ താരമായി മാറിയിരിക്കുന്നത് ആന്ധ്രയിൽ നിന്നെത്തിയ ഈ പ്രത്യേക മാമ്പഴങ്ങളാണ്. വിപണിക്ക് പുതിയ ഉണർവും വ്യാപാരികൾക്ക് മികച്ച പ്രതീക്ഷയും നൽകുന്നതാണ് ഈ വരവ്. വിദേശത്തേക്ക് പോകുന്നവർ കിലോക്കണക്കിന് മാമ്പഴങ്ങളാണ് കൊണ്ടുപോകുന്നത്.പാക്ക് തുറക്കാതിരുന്നാൽ ദിവസങ്ങളോളം മാങ്ങ കേടാകാതിരിക്കുമെന്നും പറയപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367291/Andhra's 'Videshi' becomes a star in the Champad mango market; High demand, new impetus for the market)